പട്ടത്തിന്റെ ചരട്‌ കഴുത്തില്‍ കുരുങ്ങി; അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ചമൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മഞ്ഞ ചരടിന്റെ ഒരറ്റം കുട്ടിയുടെ കഴുത്തില്‍ കുടുങ്ങുകയും മറുവശം ഇലക്ട്രിക് പോളില്‍ ഉടക്കികിടക്കുകയുമായിരുന്നു
പട്ടത്തിന്റെ ചരട്‌ കഴുത്തില്‍ കുരുങ്ങി; അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ചമൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ഗുണ്ടൂര്‍: പട്ടം പറപ്പിക്കാനുപയോഗിക്കുന്ന മഞ്ഞ ചരട് കഴുത്തില്‍ ചുറ്റി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. തലകൊണ്ടപതി ദുര്‍ഗ റാവുവിന്റെ മകന്‍ കൗഷിക് ആണ് മരിച്ചത്. അച്ഛനൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് കുട്ടിക്ക് അപകടമുണ്ടായത്. 

ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് മുകളിലിരുന്ന് യാത്രചെയ്യുകയായിരുന്നു കൗഷിക്. മഞ്ഞ ചരടിന്റെ ഒരറ്റം കുട്ടിയുടെ കഴുത്തില്‍ കുടുങ്ങുകയും മറുവശം ഇലക്ട്രിക് പോളില്‍ ഉടക്കികിടക്കുകയുമായിരുന്നു. കുട്ടിയുടെ കഴുത്തില്‍ ചരട് ഉടക്കിയതറിയാതെ ദുര്‍ഗ റാവു വണ്ടി ഓടിച്ചു പോയി. കുറച്ചു ദുരം സഞ്ചരിച്ചപ്പോള്‍ റോഡില്‍ എതിരെ വന്നയാളാണ് കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് രക്തം വരുന്നത് കണ്ട് അച്ഛനെ അറിയിച്ചത്. കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

ഡോങ്കാ റോഡില്‍ നിന്ന് ലാഞ്ചെസ്റ്റര്‍ റോഡിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. രക്തം ധാരാളമായി പോയതിനാല്‍ കുട്ടിയുടെ നില ഗുരുതരമായി. ഇതോടെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ലാലാപേട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com