തലയിലും നെഞ്ചിലും കയ്യിലും ഇരുമ്പുവടി കൊണ്ട് അടിച്ചു; എബിവിപിക്ക് എതിരെ വധശ്രമത്തിന് പരാതി നല്‍കി ഐഷി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2020 03:00 PM |
Last Updated: 08th January 2020 03:00 PM | A+A A- |

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മാധ്യമങ്ങളെ കാണുന്നു/ ചിത്രം: പിടിഐ
ന്യൂഡല്‍ഹി: എബിവിപിക്ക് എതിരെ വധശ്രമത്തിന് പരാതി നല്‍കി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകള്‍ ഗൂഢാലോചന നടത്തി തന്നെ അക്രമിക്കുവാനും കൊല്ലാനും ശ്രമിച്ചുവെന്നാണ് ഐഷി പരാതി നല്‍കിയിരിക്കുന്നത്.
ക്യാമ്പസിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ എബിവിപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള മുഖംമൂടി ധാരികളായവര്‍ക്കൊപ്പം സംഘം ചേര്‍ന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തനിക്ക് വിവരം നല്‍കിയിരുന്നു എന്ന് ഐഷി പരാതിയില്‍ പറയുന്നു.
തന്നെ അക്രമിച്ചവരില്‍ ഭൂരിഭാഗം പേരും മുഖംമൂടി അണിഞ്ഞവരാണെന്നും അതിലൊരാളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അയാള്‍ മുംഖംമൂടി ധരിച്ചിരുന്നില്ലെന്നും ഐഷി പരാതിയില്‍ പറയുന്നു. തന്നെയും സുഹൃത്തിനെയും ഇവര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു എന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു കാറിന് പുറകിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ അക്രമികള്‍ തള്ളി താഴെയിട്ട ശേഷം ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാന്‍ അനുവദിച്ചില്ല. ഒരുപാട് തവണ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു. തറയില്‍ വീണപ്പോള്‍ ചവിട്ടി. ഇരുമ്പുവടി കൊണ്ട് കയ്യിലും തലയിലും നെഞ്ചിലും അടിച്ചു. രക്ഷിക്കാന്‍ നോക്കിയ സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ചു. എന്നെയും കൂടെയുണ്ടായിരുന്നവരെയും കൊല്ലാന്‍ തന്നെയായിരുന്നു അവരുടെ ശ്രമം- ഐഷി പരാതിയില്‍ പറയുന്നു.
കഴിഞ്ഞദിവസം, പൊതുമുതല്‍ നശിപ്പിച്ചതിന് ഐഷിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. അക്രമം നടന്ന അഞ്ചാം തീയതിക്ക് തലേദിവസം ക്യാമ്പസില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. അക്രമികള്‍ക്ക് എതിരെ നടപടി സ്വീകരിക്കാതെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് എതിരെ കേസെടുത്ത ഡല്‍ഹി പൊലീസിന്റെ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.