നിർഭയയുടെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് മകന്റെ ജീവന് യാചിച്ച് പ്രതിയുടെ അമ്മ; മറുപടി ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2020 08:59 AM  |  

Last Updated: 08th January 2020 08:59 AM  |   A+A-   |  

ashadevi

 

ന്യൂഡൽഹി; നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 നടപ്പാക്കാനുള്ള മരണവാറണ്ട് ഇന്നലെയാണ് പുറപ്പെടുവിച്ചത്. ഏഴു വർഷത്തെ പോരാട്ടം വിജയം കണ്ടതിൽ സന്തോഷമുണ്ട് എന്നായിരുന്നു നിർഭയയുടെ അമ്മയുടെ പ്രതികരണം. മൂന്ന് മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിർഭയയുടെ അമ്മയും കോടതിയിൽ എത്തിയിരുന്നു. ഏറെ നാടകീയമായ രം​ഗങ്ങൾക്കാണ് കോടതി സാക്ഷിയായത്.

പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്‍റെ മകനോട് പൊറുക്കണമെന്നും അവന്‍റെ ജീവനുവേണ്ടി യാചിക്കുകയാണെന്നും മുകേഷ് സിങ്ങിന്‍റെ അമ്മ പറഞ്ഞു. എനിക്കും ഒരു മകളുണ്ടായിരുന്നു, അവള്‍ക്ക് എന്താണ് സംഭവിച്ചത് അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും എന്നായിരുന്നു ആശാദേവിയുടെ പ്രതികരണം. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അമ്മ പറഞ്ഞു.

ഇതോടെ കോടതി മുറിയില്‍ നിശബ്ദ പാലിക്കണമെന്ന് ജഡ്ജ് നിര്‍ദ്ദേശിച്ചു. കോടതി മുറിയില്‍ സ്വീകരിച്ച സമാന നിലപാട് തന്നെയാണ് നിര്‍ഭയയുടെ അമ്മ കോടതിക്ക് പുറത്ത് വച്ച് പ്രതികരിച്ചത്. തന്‍റെ മകള്‍ക്ക് നീതി ലഭിച്ചുവെന്നും ജനുവരി 22 തന്റെ ജീവിതത്തിലെ സുപ്രധാന ദിനമാണെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചിരുന്നു.

നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ശിക്ഷയാണ് ഈ മാസം 22ന് നടപ്പിലാക്കുക. വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ 14 ദിവസം അനുവദിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ ഈ കാലയളവില്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കിക്കൊണ്ടാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.  ഒന്നാം പ്രതിയായിരുന്ന രാം സിംഗ് 2013 മാര്‍ച്ച് 11ന് ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് 2015ല്‍ പുറത്തിറങ്ങി.