'കല്ലേറ് കിട്ടായാലും തല രക്ഷിക്കണ്ടേ', ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍; പൊതുപണിമുടക്ക് കാഴ്ച

ആത്മരക്ഷാര്‍ത്ഥം ഹെല്‍മറ്റ് അണിഞ്ഞ് ബസ് ഓടിക്കുന്ന ഡ്രൈവറിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്
'കല്ലേറ് കിട്ടായാലും തല രക്ഷിക്കണ്ടേ', ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍; പൊതുപണിമുടക്ക് കാഴ്ച

സിലിഗുരി; സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശിയ പൊതുപണിമുടക്കിനെത്തുടര്‍ന്ന് പലസ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതിനിടെ ആത്മരക്ഷാര്‍ത്ഥം ഹെല്‍മറ്റ് അണിഞ്ഞ് ബസ് ഓടിക്കുന്ന ഡ്രൈവറിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നുള്ളതാണ് ദൃശ്യം. സമരാനുകൂലികളുടെ കല്ലേറില്‍ നിന്ന് തല രക്ഷിക്കാനാണ് ഡ്രൈവര്‍ ഹെല്‍മറ്റ് അണിഞ്ഞത്.

പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ 22 ശതമാനം അധിക ബസുകള്‍ സര്‍വീസ് നടത്തുമെന്ന് പശ്ചിമബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിച്ച് പണിക്കിറങ്ങിയത്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ചാണ് സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെയുള്ള ട്രേഡ് യൂണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തതോടെ നിരവധി ബാങ്കുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു.

മിനിമം വേതനം പ്രതിമാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളിമാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com