ജെഎന്‍യു പ്രമുഖ സര്‍വകലാശാല; പ്രശ്‌നങ്ങളുണ്ടാകരുത്: വിസിയോട് കേന്ദ്രം, അക്രമത്തിന് പിന്നില്‍ 120വിദ്യാര്‍ത്ഥികളെന്ന് വൈസ് ചാന്‍സിലര്‍

ജെഎന്‍യു പ്രമുഖ സര്‍വകലാശാല; പ്രശ്‌നങ്ങളുണ്ടാകരുത്: വിസിയോട് കേന്ദ്രം, അക്രമത്തിന് പിന്നില്‍ 120വിദ്യാര്‍ത്ഥികളെന്ന് വൈസ് ചാന്‍സിലര്‍

ന്യൂഡല്‍ഹി: ക്യാമ്പസില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിസിക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ജെഎന്‍യു പ്രമുഖ സര്‍വകലാശാലയാണെന്നും അതു അങ്ങനെതന്നെ നിലനിര്‍ത്തണമെന്നും കേന്ദ്രം സര്‍വകലാശാല വിസി എം ജഗ്ദീഷ് കുമാറിന് നിര്‍ദേശം നല്‍കി. ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ക്ക് എതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നത്. 

വിസിയെ വിളിച്ചുവരുത്തിയാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയത്. ക്യാമ്പസിനുള്ളില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ അടുത്തിടപഴകണമെന്നും നിര്‍ദേശമുണ്ട്. 

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും വിദ്യാര്‍ത്ഥികളാണ് കുറ്റക്കാര്‍ എന്ന നിലപാടാണ് വിസി സ്വീകരിച്ചത്. അഞ്ചാംതീയതി നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ 120പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് എന്ന് വിസി ആരോപിച്ചു. സംഭവം നിയന്ത്രിക്കുന്നതില്‍ സര്‍വകലാശാല അധികൃതര്‍ പരാജയപ്പെട്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

ഏകദേശം നാലരയോടെയാണ് കുറച്ച് വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി ജെഎന്‍യു ഹോസ്റ്റലുകള്‍ക്കു നേരെ എത്തിയത്. ഉടന്‍തന്നെ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു. ശാരീരികമായ അക്രമത്തിലേക്ക് എത്തിയപ്പോഴാണ് പൊലീസ് സംഘം എത്തിയത്. അക്രമത്തിനു പിന്നില്‍ എബിവിപിയാണോ എന്ന ചോദ്യത്തിന് എല്ലാ വിദ്യാര്‍ത്ഥികളും തനിക്ക് ഒരുപോലെയാണെന്നായിരുന്നു വിസിയുടെ മറുപടി. ആരാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

അക്രമികള്‍ക്ക് ക്യാമ്പസില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കിയത് വിസിയാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വിസിയുടെ രാജിയും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com