പൗരത്വ നിയമം: ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2020 11:44 AM  |  

Last Updated: 08th January 2020 11:44 AM  |   A+A-   |  

supreme_courtt

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

വിവിധ ഹൈക്കോടതികളില്‍നിന്നു വിരുദ്ധ സ്വഭാവത്തിലുള്ള വിധികള്‍ വന്നേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ ഹൈക്കോടതികളിലെ വാദത്തിനായി അഭിഭാഷകര്‍ക്കു പോവേണ്ടി വരുന്നതിലെ ബുദ്ധിമുട്ടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഹൈക്കോടതികള്‍ തന്നെ ഹര്‍ജികള്‍ കേള്‍ക്കണമെന്നതാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതില്‍ വൈരുദ്ധ്യം വരുന്നപക്ഷം സുപ്രീം കോടതിക്കു പരിഗണിക്കാവുന്നതാണെന്നും ബെഞ്ച് പറഞ്ഞു. അഭിഭാഷകര്‍ വിവിധ ഹൈക്കോടതികളിലേക്കു പോവേണ്ടിവരുന്നത് വലിയ പ്രശ്‌നമായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. 

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി വ്യാഴാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.