സിആര്‍പിഎഫ് ഡിഐജി മെസ് സ്റ്റാഫിന്റെ മുഖത്ത് തിളച്ച വെളളം ഒഴിച്ചു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2020 01:17 PM  |  

Last Updated: 08th January 2020 01:17 PM  |   A+A-   |  

 

പട്‌ന: സിആര്‍പിഎഫ് ഡിഐജി മെസ്റ്റ് സ്റ്റാഫിന്റെ മുഖത്ത് തിളച്ച വെളളം ഒഴിച്ചതായി പരാതി. ജഴ്‌സിക്ക് അകത്തും ഒഴിച്ച തിളച്ച വെളളത്തില്‍ ശരീരത്തിന് സാരമായി പൊളളലേറ്റ മെസ് സ്റ്റാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിതല അന്വേഷണത്തിന് ഉത്തരവിട്ടു.

ജനുവരി രണ്ടിന് ബീഹാറിലെ രാജ്ഗിറിലാണ് സംഭവം. റിക്രൂട്ട്‌മെന്റ് നടക്കുന്നതിനിടെ, ഡിഐജി ഡി കെ ത്രിപാദി മെസ് സ്റ്റാഫിനോട് കുടിക്കാന്‍ ചൂടുവെളളം ആവശ്യപ്പെട്ടു. മെസ് സ്റ്റാഫ് തിളക്കുന്ന വെളളം കൊണ്ടുവന്ന് നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിളക്കുന്ന വെളളമായതിനാല്‍ ഡിഐജിക്ക് കുടിക്കാന്‍ സാധിച്ചില്ല. ഇതില്‍ കുപിതനായ ഡിഐജി മെസ് സ്റ്റാഫിനോട് രോഷാകുലനായി. തുടര്‍ന്ന്് തിളച്ച വെളളം മുഖത്ത് ഒഴിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മുഖത്തും നെഞ്ചിലും സാരമായി പൊളളലേറ്റ മെസ് സ്റ്റാഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സിആര്‍പിഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഐജിതല അന്വേഷണത്തിനാണ് നിര്‍ദേശിച്ചത്.ജനുവരി പത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.