അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 01:02 PM  |  

Last Updated: 09th January 2020 01:04 PM  |   A+A-   |  

ലകഡാവാല ( രണ്ടാമത്തേത് - ആദ്യകാല ചിത്രം)

 

മുംബൈ : അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റില്‍.  ഈസ്റ്റ് വെസ്റ്റ് എംഡിയായ തക്കിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ലകഡാവാല. പട്‌നയില്‍ നിന്നും മുംബൈ പൊലീസാണ് ലകഡാവാലയെ അറസ്റ്റ് ചെയ്തത്. മലയാളിയായ ഈസ്റ്റ് വെസ്റ്റ് എംഡി തക്കിയുദ്ധീനെ 1996 ലാണ് ലകഡാവാല കൊലപ്പെടുത്തുന്നത്.

അധോലോക നേതാവായ ലകഡാവാല പിന്നീട് കാനഡയിലേക്ക് കടക്കുകയായിരുന്നു. 2004 ല്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്ത ലകഡാവാല, എന്നാല്‍ പൊലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സ്വന്തമായി അധോലോക സംഘം രൂപീകരിക്കുന്നതിന് മുമ്പ് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായിരുന്നു ഇജാസ് ലകഡാവാല. ദാവൂദിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2012 ല്‍ മറ്റൊരു അധോലോക നായകന്‍ ഛോട്ടാരാജനെ ബാങ്കോക്കില്‍ വെച്ച് ആക്രമിച്ചത് ലകഡാവാലയാണ്.

ഇജാസ് വകഡാവാല കാനഡ, മലേഷ്യ, അമേരിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലായി ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ലകഡാവാലയെ ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. ദാവൂദ് സംഘാംഗമായിരുന്ന ലകഡാവാലയില്‍ നിന്നും, ദാവൂദ് ഇബ്രാഹിമിനെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്തോഷ് രസ്‌തോഗി പറഞ്ഞു.

രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഇജാസ് ലകഡാവാല ഭീഷണിപ്പെടുത്തുന്നതായി ഒരു ബിസിനസ്സുകാരന്‍ താനെ കോടതിയില്‍ ഡിസംബറില്‍ പരാതി നല്‍കിയിരുന്നു. ബില്‍ഡറെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെ, കഴിഞ്ഞ വര്‍ഷം ഇജാസ് ലകഡാവാലയുടെ സഹോദരന്‍ അഖില്‍ ലകഡാവാലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.