ഞങ്ങള്‍ ബോംബുകള്‍ കൊണ്ടാകും മറുപടി നല്‍കുക; ഇവിടെ കാവിയല്ലാതെ പച്ചക്കൊടിക്ക് സ്ഥാനമില്ല; ഭീഷണിയുമായി ബിജെപി എംപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 10:10 AM |
Last Updated: 09th January 2020 10:10 AM | A+A A- |

വാറങ്കല്‍: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ ടിആര്‍എസിനും എഐഎംഐഎമ്മിനും എതിരെ ഭീഷണിയുമായി ബിജെപി എംപി ബണ്ടി സഞ്ജയ് കുമാര്‍. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ബോംബുകളും കത്തികളും കൊണ്ടാകും മറുപടി നല്‍കുക എന്ന് കരിംനഗര്‍ എംപി ഭീഷണിപ്പെടുത്തി. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് കുമാര്‍. എഐഎംഐഎമ്മും ടിആര്‍എസും ഹിന്ദുവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗോലകൊണ്ട കോട്ടയ്ക്ക് മുകളില്‍ ബിജെപി ഉടനെ കാവിക്കൊടി പാറിക്കുമെന്നും എംപി അവകാശപ്പെട്ടു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് സംസ്ഥാനത്ത് നടക്കുന്ന പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ടിആര്‍സിന്റെ സഖ്യകക്ഷി എഐഎംഐഎമ്മിനെ സഹായിക്കാനാണ് ഇതെന്നും സഞ്ജയ് ആരോപിച്ചു.
'ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാന്‍ അവര്‍ വടികളാണ് ഉപയോഗിക്കുന്നതെങ്കില്‍ നമ്മള്‍ കത്തികൊണ്ടു മറുപടി നല്‍കും. കത്തികളാണ് ഉപയോഗിക്കുന്നതെങ്കില്‍ നമ്മള്‍ തോക്കുകളും ബോംബുകളും കൊണ്ട് മറുപടി നല്‍കും. യുദ്ധം നേരത്തെ ആരംഭിച്ചുകഴിഞ്ഞു.കാവിക്കൊടിയല്ലാതെ, പച്ചക്കൊടിക്കും മറ്റ് കൊടികള്‍ക്കും തെലങ്കാനയില്‍ സ്ഥാനമില്ല'-സഞ്ജയ് പറഞ്ഞു.