ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ജെഎന്‍യു വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശി; നിരവധിപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th January 2020 06:44 PM  |  

Last Updated: 09th January 2020 06:44 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. ഇടറോഡിലേക്ക് കയറാനുള്ള വിദ്യാര്‍ഥികളുടെ ശ്രമത്തിനിടെ പൊലീസ് ലാത്തി വീശി. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വനിതാ പൊലീസില്ലാതെ വിദ്യാര്‍ഥിനികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും വാക്കേറ്റത്തിന് കാരണമായി. ഏതാനും വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത്.

ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സ്‌ലര്‍ രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ഥികളെ അറിയിച്ചു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.