ഡൽഹിയിൽ ആക്രമണത്തിന് പദ്ധതി; മൂന്ന് ഐഎസ് ഭീകരർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 07:36 PM  |  

Last Updated: 09th January 2020 07:36 PM  |   A+A-   |  

isis

 

ന്യൂഡല്‍ഹി: മൂന്ന് ഐഎസ് ഭീകരർ ഡൽഹിയിൽ  പിടിയിലായി. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് പേരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വസിറാബാദില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ്  പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറിയിച്ചു.

കന്യാകുമാരി സ്വദേശികളായ അബ്ദുല്‍ സമദ്, സയിദ് നവാസ്, ഖ്വാജ മൊയ്നുദീന്‍ എന്നിവരാണ് പിടിയിലായത്. മൂന്ന് കൈത്തോക്കുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് പേര്‍ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

ലോധി കോളനിയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സെല്‍ ടീം ഇവരെ ചോദ്യം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോർട്ടിലുണ്ട്.

സോഷ്യല്‍ മീഡിയ വഴി ഒരു വിദേശ കേന്ദ്രം ഇവരെ നിയന്ത്രിച്ചിരുന്നതായും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായും സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി.