രാജ്യം ദുര്‍ഘട സാഹചര്യത്തിലൂടെ കടന്നുപോകുന്നു ; ആശങ്ക പങ്കുവെച്ച് ചീഫ് ജസ്റ്റിസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 01:31 PM  |  

Last Updated: 09th January 2020 01:41 PM  |   A+A-   |  


 

ന്യൂഡല്‍ഹി : രാജ്യം ദുര്‍ഘട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സുപ്രീംകോടതി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പരാമര്‍ശം. സമാധാനം കൊണ്ടുവരികയാണ് പ്രധാനലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ധാന്‍ഡ ചീഫ് ജസ്റ്റിസിന് മുന്നില്‍ മെന്‍ഷനിംഗ് നടത്തിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

പരാതിക്കാരന്റെ ആവശ്യം ഈ തരത്തില്‍ പരിഗണിക്കാനാവില്ല. അത് കൂടുതല്‍ തര്‍ക്കത്തിനാകും വഴിവെക്കുക. മാത്രമല്ല വിഷയത്തില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തെ ഈ തരത്തില്‍ അപേക്ഷ പരിഗണിക്കുന്നത് സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസും ജഡ്ജിമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരായ ദുഷ് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുനീത് കൗര്‍ ധന്‍ഡയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൗരത്വ നിയമത്തെ ഭരണഘടനാ അനുസൃതമെന്ന് വിധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അഭിഭാഷകന്‍ വിനീത് ധാന്‍ഡ ഉന്നയിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ ഭരണഘടന അനുസൃതമാണെന്ന് എങ്ങനെ വിധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നിങ്ങള്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നില്ലേ... നിങ്ങള്‍ക്ക് അറിയില്ലേ...ഇത്തരത്തിലൊരു ആവശ്യം ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. നിയമത്തിന്റെ സാധുത സംബന്ധിച്ച് കോടതിക്ക് പരിശോധിക്കാം. വിധി പുറപ്പെടുവിക്കാനുമാകും. അല്ലാതെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം  ഭരണഘടനാനുസൃതമാണെന്ന് കോടതി എങ്ങനെ വിധി പ്രസ്താവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

പൗരത്വ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് 60 ഓളം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. കേസ് ജനുവരി 23 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പൗരത്വ നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.