സോണിയ വിളിച്ച യോഗത്തിന് മമത വരില്ല; പൗരത്വ പ്രക്ഷോഭത്തില്‍ 'ഒന്നിക്കാനുള്ള' പ്രതിപക്ഷ ശ്രമത്തിന് തിരിച്ചടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 01:08 PM |
Last Updated: 09th January 2020 01:08 PM | A+A A- |

മമത സോണിയ ഗാന്ധിക്കൊപ്പം /ഫയല്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 13ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇന്നലത്തെ പണിമുടക്കില്‍ കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ വന്‍തോതില്‍ അക്രമം നടത്തിയതായും ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും മമത ബാനര്‍ജി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എന്‍പിആറിനും എതിരായ സമരം തുടരുമെന്ന് മമത പശ്ചിമ ബംഗാള്‍ നിയമസഭയെ അറിയിച്ചു. എന്നാല്‍ ഒരു തരത്തിലുമുള്ള അക്രമത്തെയും പിന്തുണയ്ക്കില്ലെന്ന് മമത പറഞ്ഞു.
സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കും എന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ഇടതു നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സൂചന. മമത പിന്‍മാറിയതോടെ യോഗം നടക്കുമോയെന്നു വ്യക്തമല്ല. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ആരും യോഗത്തിന് എ്ത്തില്ലെന്നാണ് അറിയുന്നത്.
രാജ്യത്തെ ക്യാംപസുകള്‍ കേന്ദ്രീകരിച്ച് പൗരത്വ നിയമത്തിന് എതിരായ സമരം മുന്നോട്ടുപോവുമ്പോഴാണ്, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം വിളിച്ചത്. പ്രക്ഷോഭത്തിന് ദിശാബോധം നല്‍കി സജീവമാക്കി നിര്‍ത്തുന്നതിനുള്ള നടപടികളായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.