ഡിഐജിയുടെ ലൈംഗികപീഡനം : 'ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും', 17 കാരിയെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ ഡ്രൈവര്‍, നടപടി

ഡിഐജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി പരിസരത്ത് പെണ്‍കുട്ടിയും കുടുംബവും വന്നുപോകരുതെന്നും ഭീഷണി മുഴക്കി
ഡിഐജിയുടെ ലൈംഗികപീഡനം : 'ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും', 17 കാരിയെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ ഡ്രൈവര്‍, നടപടി

മുംബൈ : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി അപമാനിച്ചെന്ന് പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ ഡ്രൈവര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഡ്രൈവറാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത്. ഡിഐജി നിഷികാന്ത് മോറെയ്‌ക്കെതിരെ സംസാരിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.

ഡിഐജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പനവേല്‍ കോടതി പരിസരത്ത് പെണ്‍കുട്ടിയും കുടുംബവും വന്നുപോകരുതെന്നും ഭീഷണി മുഴക്കി.  ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി തലോജ പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി. പരാതി ലഭിച്ചതിന് പിന്നാലെ ഉദ്ധവ് താക്കറെ ഡ്രൈവറെ തന്റെ കോണ്‍വോയിയില്‍ നിന്നും ഒഴിവാക്കി.

ദിനകര്‍ സാല്‍വെ എന്ന കോണ്‍സ്റ്റബിളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. താക്കറെ കുടുംബവുമായി അടുപ്പമുള്ള ഇയാള്‍ ഉദ്ധവ് മുഖ്യമന്ത്രിയായതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഡ്രൈവറായി ജോലിക്ക് കയറുകയായിരുന്നു. ഇയാള്‍ശിവസേന അധ്യക്ഷനായിരുന്ന ബാല്‍താക്കറെയുടെ അംഗരക്ഷകനായും  ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ പിറന്നാള്‍ വിരുന്നിടെയാണ് 17 കാരിയായ പെണ്‍കുട്ടിയോട് ഡിഐജി നിഷികാന്ത് മോറെ അപമര്യാദയായി പെരുമാറിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ആരോപണവിധേയനായ ഡിഐജി.  പെണ്‍കുട്ടിയുടെ പിറന്നാള്‍ വിരുന്ന് നടക്കുന്നത് അറിഞ്ഞ് ക്ഷണിക്കാതെ, എത്തിയ ഡിഐജി കേക്ക് മുറിച്ച ശേഷം കുട്ടിയുടെ മുഖത്ത് തേക്കുകയും ശരീരഭാഗങ്ങളില്‍ അപര്യാദയായി സ്പര്‍ശിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ മോറെ ഡിസംബര്‍ 26ന് മുങ്ങി. ഇതിനിടെ, ഈ മാസം രണ്ടിന് മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷ നല്‍കി. ഇതിനിടെ അജ്ഞാതകേന്ദ്രത്തിലിരുന്ന് ഡിഐജിയും കൂട്ടാളികളും പെണ്‍കുട്ടിയെയും കുടുംബത്തെയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിഐജിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് എഴുതിയ കുറിപ്പും പിന്നാലെ കണ്ടെടുത്തു. ഡിഐജിയായിരിക്കും തന്റെ മരണത്തിന്റെ ഉത്തരവാദിയെന്നും കത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com