'മോദിയോട് ഒരു ചോദ്യം, പറയുന്നതല്ലാതെ പ്രവര്‍ത്തിച്ചുകൂടേ'; ലിസിപ്രിയ കാംഗുജം തിങ്ക് എഡ്യു കോണ്‍ക്ലേവില്‍

നേതാക്കള്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ലെന്ന് 'തെക്കിന്റെ ഗ്രേറ്റ' എന്ന പേരിലറിയപ്പെടുന്ന കാലാവസ്ഥ പ്രവര്‍ത്തക ലിസിപ്രിയ കാംഗുജം
തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ ലിസിപ്രിയ കാംഗുജം സംസാരിക്കുന്നു
തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ ലിസിപ്രിയ കാംഗുജം സംസാരിക്കുന്നു

ചെന്നൈ:നേതാക്കള്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ലെന്ന് 'തെക്കിന്റെ ഗ്രേറ്റ' എന്ന പേരിലറിയപ്പെടുന്ന കാലാവസ്ഥ പ്രവര്‍ത്തക ലിസിപ്രിയ കാംഗുജം. കാലാവസ്ഥയില്‍ വരുന്ന മാറ്റം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളില്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാരെ നഷ്ടപ്പെടുന്നതും കുട്ടികളെ നഷ്ടപ്പെടുന്നതും കാണുമ്പോള്‍ താന്‍ കൂടുതല്‍ വികാരാധീനയാകുന്നതായും ലിസിപ്രിയ കാംഗുജം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന തിങ്ക് എഡ്യുവില്‍ സംസാരിക്കുകയായിരുന്നു ഏറ്റവും പ്രായംകുറഞ്ഞ കാലാവസ്ഥ പ്രവര്‍ത്തക.

'എനിക്ക് സ്‌കൂളില്‍ പോകണം. നേതാക്കള്‍ പറയുന്നതിന് പകരം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. അവള്‍ സ്‌കൂളില്‍ പോകുന്നില്ല എങ്കില്‍ അതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടത് രാജ്യതലസ്ഥാനത്ത് എല്ലാ ആഴ്ചയിലും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നുണ്ട് എന്ന് അവള്‍  ഉറപ്പുവരുത്തുന്നു എന്നാണ്. കാലാവസ്ഥയില്‍ വരുന്ന മാറ്റം കൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങളില്‍ കുട്ടികള്‍ക്ക് ജീവഹാനി സംഭവിക്കുമ്പോഴും കുട്ടികള്‍ക്ക് അച്ഛനമ്മമാരെ നഷ്ടപ്പെടുമ്പോഴും വീട് നഷ്ടപ്പെടുമ്പോഴുമാണ് ഞാന്‍ ഏറ്റവുമധികം ദുഃഖിക്കാറ്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ അതില്‍ വീണുപോകുന്നവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം പിടക്കാറുണ്ട്'- ലിസിപ്രിയ കാംഗുജം പറയുന്നു.

'കാലാവസ്ഥ മാറ്റമില്ലെന്ന് മന്ത്രിമാര്‍ പറയുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. വായുമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല എന്ന തരത്തിലുളള മന്ത്രിമാരുടെ പ്രതികരണം ഒട്ടും ഉള്‍ക്കൊളളാന്‍ സാധിക്കുന്നില്ല. വായുമലിനീകരണം മൂലം 1.2 കോടി ജനങ്ങളാണ് മരിച്ചുവീണത്. ഇതുവരെ 21 രാജ്യങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കുന്നു. വാക്കില്‍ നിന്ന് പ്രവൃത്തിയിലേക്ക് മാറിക്കൂടെ'- ലിസിപ്രിയ കാംഗുജം പറയുന്നു.

2011ല്‍ മണിപ്പൂരിലെ ഇംഫാലില്‍ ജനിച്ച ലിസിപ്രിയ കാംഗുജം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകയായാണ് അറിയപ്പെടുന്നത്. നിരവധി അന്താരാഷ്ട്ര വേദികളില്‍ കാലാവസ്ഥ മാറ്റത്തെ കുറിച്ച് പ്രസംഗിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകനേതാക്കളോട് ആഹ്വാനം ചെയ്ത 50,000 കുട്ടികള്‍ക്കൊപ്പം ലിസിപ്രിയയും ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com