വിമാനത്താവളം വളയും, മോദിയെ കൊല്‍ക്കത്തയില്‍ കാല്‍ കുത്താന്‍ അനുവദിക്കരുതെന്ന് ആഹ്വാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 11:03 AM  |  

Last Updated: 10th January 2020 11:03 AM  |   A+A-   |  

 

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വഴിയില്‍ തടയാന്‍ ആഹ്വാനം. പ്രധാനമന്ത്രിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിനാണ് പ്രതിഷേധക്കാര്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. മോദിയെ വഴിയില്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.

17 ഇടതുപാര്‍ട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകള്‍ എന്നിവരാണ് മോദിയെ തടയാന്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തുന്നത്. ശനി, ഞായര്‍ തീയതികളിലാണ് മോദിക്ക് കൊല്‍ക്കത്തയില്‍ പരിപാടികളുള്ളത്. നാലു പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കൂടാതെ ബേലൂര്‍ മഠത്തിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്.

മോദിയെ കൊല്‍ക്കത്തയില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും, പ്രധാനമന്ത്രിയെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടക്കം സജ്ജമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

പൗരത്വ നിയമഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ നടന്നത്.ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയിലെത്തുന്ന മോദിക്ക് ഗോ ബാക്ക് വിളിച്ച് രംഗത്തുവരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. അസമിലെ പ്രതിഷേധം കണക്കിലെടുത്ത് ഖേലോ ഇന്ത്യ പരിപാടി പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. ഇന്തോ-ജപ്പാന്‍ ഉച്ചകോടിയും മാറ്റിവെച്ചിരുന്നു.