24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നു; രാജ്യത്തിനുവേണ്ടി അഞ്ചുവര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നു: മോദിയെ പുകഴ്ത്തി ജൂഹി ചൗള

By സമകാലിക മലയാളം ഡെസ്‌  |   Published: 10th January 2020 01:10 PM  |  

Last Updated: 10th January 2020 01:10 PM  |   A+A-   |  

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് നടി  ജൂഹി ചൗള. നരേന്ദ്രമോദി രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ല. ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്നാല്‍ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെക്കുറിച്ച് ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

സവര്‍ക്കര്‍ സ്മാരകത്തില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്  ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിച്ചു. സദസിലുള്ളവര്‍ മോദി എന്ന് ഉത്തരം നല്‍കി. ഒരു ദിവസത്തില്‍ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു.

താന്‍ സംസാരിക്കുന്നത് ഏതെങ്കിലും പാര്‍ട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താന്‍ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാള്‍ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള പറഞ്ഞു. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനായി ഒന്നിച്ചുനില്‍ക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.