ഇന്റര്‍നെറ്റ് മൗലിക അവകാശം, അനിശ്ചിതമായി വിലക്കാനാവില്ല; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി 

കാരണങ്ങള്‍ വ്യക്തമാക്കാതെ തുടര്‍ച്ചയായി നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി
ഇന്റര്‍നെറ്റ് മൗലിക അവകാശം, അനിശ്ചിതമായി വിലക്കാനാവില്ല; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി 


ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതിനു പിന്നാലെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരാഴ്ചയ്ക്കകം പുനപ്പരിശോധിക്കണമെന്ന് സുപ്രിം കോടതി. ഇന്റര്‍നെറ്റ് ലഭ്യത മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിലക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. 

ഭരണഘടനയുടെ പത്തൊന്‍പതാം അനുച്ഛേദപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നതിനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ജുഡീഷ്യല്‍ പരിശോധനയ്ക്കു വിധേയമാണ്. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം മറ്റു വഴികളൊന്നുമില്ലെന്നു ബോധ്യമാവുമ്പോള്‍ മാത്രമാണ് ഇന്റര്‍നറ്റ് റദ്ദ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്താവൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. 

വിലക്കുകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവണം, അത് അനിശ്ചിതകാലത്തേക്ക് ആവരുതെന്ന് കോടതി നിര്‍ദേശിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയല്‍, ഇന്റര്‍നെറ്റും മറ്റ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളും റദ്ദാക്കല്‍ എന്നിവ ഏകപക്ഷീയ അധികാരപ്രകടനങ്ങളാവരുത്. 144ാം വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ പൗരന്മാരുടെ നിയമപരമായ അഭിപ്രായ പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയാവരുതെന്ന് കോടതി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. ചില വ്യാപാര, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണിരിക്കുന്നത്. വ്യാപാരത്തിനുള്ള അവകാശം ഭരണഘടനയുടെ 19 -1 ജി വകുപ്പു പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. 

144-ാം വകുപ്പു പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ വിവേചന ബുദ്ധി പ്രയോഗിക്കണം. പൗരന്മാരുടെ സ്വാതന്ത്ര്യവും സുരക്ഷയും തമ്മിലുള്ള തുലനം കണക്കിലെടുക്കേണ്ടതുണ്ട്. കാരണങ്ങള്‍ വ്യക്തമാക്കാതെ തുടര്‍ച്ചയായി നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. 

ജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും തമ്മില്‍ സന്തുലനം കണ്ടെത്തുകയെന്നതാണ് ഇക്കാര്യത്തില്‍ കോടതി പരിഗണിച്ചതെന്ന് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടി. നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കോടതി പരിഗണിച്ച വിഷയമല്ല. കശ്മീരില്‍ ഒട്ടറെ അക്രമങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പ്രദേശമാണ്. അതുകൊണ്ടുതന്നെ സുരക്ഷയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സന്തുലനത്തോടെ കാണാനാണ് കോടതി ശ്രമിച്ചത്. 

കശ്മീര്‍ ടൈംസ് എ്ക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ എന്‍വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നവംബര്‍ അവസാനമാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 

ഭരണഘടനയുടെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക അവകാശം എടുത്തുകളഞ്ഞതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജികള്‍. നിയന്ത്രണങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതു മൂലം ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com