രണ്ട് വയസുകാരിയായ മകളുടെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠിക്കാന്‍ നല്‍കി പിതാവ്; അപൂര്‍വം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 10th January 2020 10:50 PM  |  

Last Updated: 10th January 2020 10:50 PM  |   A+A-   |  

baby

 

ഇന്‍ഡോര്‍: രണ്ട് വയസ് മാത്രം പ്രായമുള്ള മകളുടെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠിക്കാന്‍ വിട്ടുനല്‍കി പിതാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അപൂര്‍വ സംഭവം. സത്‌നം സിങ് ഛബ്രയാണ് മകള്‍ അസീസ് കൗര്‍ ഛബ്രയുടെ മൃതദേഹം ഇന്‍ഡോര്‍ മെഡിക്കല്‍ കോളജിന് കൈമാറിയത്.  

ജനിച്ചപ്പോള്‍ മുതല്‍ തന്നെ കുഞ്ഞിന് നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ രോഗമുണ്ടായിരുന്നു. ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മകളുടെ മരണ ശേഷം അവളുടെ കണ്ണുകള്‍ പിതാവ് ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം പഠിക്കാനായി സ്വകാര്യ മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര ചെറിയ കുട്ടിയുടെ ശരീരം പഠനത്തിനായി വിട്ടുനല്‍കുന്നത്. 

'അവളുടെ രോഗത്തെ കുറിച്ച് പഠിക്കാനും അതെക്കുറിച്ച് കൂടുതല്‍ അറിയാനും ഇതിലൂടെ കഴിയുകയാണെങ്കില്‍ അവളെപ്പോലെ ഇനിയും കൂടുതല്‍ കുഞ്ഞുങ്ങളെ മരണത്തിന് കൊടുക്കാതെ രക്ഷപ്പെടുത്താമല്ലോ. അതുമുന്നില്‍ കണ്ടാണ് മൃതദേഹം വിട്ടുനല്‍കിയത്'- സത്‌നം സിങ് വ്യക്തമാക്കി.