'ഹോസ്റ്റലില്‍ അക്രമം നടത്തിയത് ഐഷി ഘോഷും കൂട്ടരും'; ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
'ഹോസ്റ്റലില്‍ അക്രമം നടത്തിയത് ഐഷി ഘോഷും കൂട്ടരും'; ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. ഒമ്പതുപേരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരാണ്. യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും അക്രമികളുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് എബിവിപി പ്രവര്‍ത്തകരുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

അക്രമങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനും പങ്കുണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പെരിയാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം അക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍വര്‍ റൂമില്‍ അക്രമം നടത്തിയതും ഇടതു പ്രവര്‍ത്തകരാണെന്ന് ഡല്‍ഹി പൊലീസ് പിആര്‍ഒ ജോയി തിര്‍കെ പറഞ്ഞു.

സെമസ്റ്റര്‍ പരീക്ഷകള്‍ക്കായി നിരവധി വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയിരുന്നു. പക്ഷേ വിദ്യാര്‍ത്ഥി യൂണിയനിലെ എസ്എഫ്‌ഐ, എഐഎസ്എഫ്, എഐഎസ്എ, ഡിഎസ്എഫ് അംഗങ്ങള്‍ ഇതിന് എതിരായിരുന്നുവെന്ന് പൊലീസ് പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജനുവരി നാലിന് നടന്ന സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് കേസ്. അക്രമകളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത പൊലീസ് നടപടിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com