ഈ ജയിലുകള്‍ മതിയാകില്ല, നമ്മള്‍ ഒരുമിച്ച് നിന്നാല്‍; 'അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കു'മെന്ന് അരുന്ധതി റോയ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 07:23 PM  |  

Last Updated: 11th January 2020 07:23 PM  |   A+A-   |  

arundhathi

 


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഒരുമിച്ചു നിന്നാല്‍ രാജ്യത്തെ ജയിലുകള്‍ മതിയാകാതെ വരുമെന്ന് എഴുത്തുകാരി അരുന്ധതി റോയ്.  ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് തള്ളപ്പെടുന്ന ഒരു ദിവസം വരും. അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുമെന്നും അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

'നമ്മള്‍ എല്ലാവരും ഒന്നിച്ചുനിന്നാല്‍ ഈ രാജ്യത്ത് വേണ്ടത്ര തടങ്കല്‍ പാളയങ്ങള്‍ പോരാതെ വരും. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് തള്ളപ്പെടുന്ന ഒരു ദിവസം വരും. അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കും. ഈ പ്രക്ഷോഭങ്ങളില്‍ നിന്ന് നമ്മള്‍ പിന്നോട്ടുപോകില്ല,' അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും അരുന്ധതി റോയ് പ്രതികരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത് അരുന്ധതി പറഞ്ഞിരുന്നു. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അരുന്ധതി തടങ്കല്‍ പാളയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്നും പറഞ്ഞിരുന്നു.