'ക്യാമ്പസിൽ മുഖംമൂടിയിട്ട് വന്നത് ഞാനാണോ? എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്'; വിമർശനവുമായി ഐഷി ഘോഷ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 07:12 AM  |  

Last Updated: 11th January 2020 07:12 AM  |   A+A-   |  

aishe

 

ന്യൂഡൽഹി; ഡൽഹി പൊലീസിനെതിരേ രൂക്ഷവിമർശനവുമായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ജെഎൻയു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐഷി ഘോഷ് അടക്കം ഏഴ് ഇടത് വിദ്യാര്‍ത്ഥി നേതാക്കളെ പ്രതിയാക്കി ഡൽഹി പൊലീസ് പ്രതിപട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് വിമർശനം. ക്യാമ്പസിൽ മുഖം മൂടിയിട്ട് വന്നവരിൽ താനുണ്ടായിരുന്നോ എന്നും  താൻ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഐഷി പറഞ്ഞു.

ക്യാമ്പസിൽ മുഖം മൂടിയിട്ട് വന്നവരിൽ താനുണ്ടായിരുന്നോ ? ആക്രമണത്തിൽ പരിക്ക് പറ്റിയ വ്യക്തിയാണ് താൻ. എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയിൽ വിശ്വാസമുണ്ട്. ആരോപണങ്ങൾ പൊലീസ് കോടതിയിൽ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.  

തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു. അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു

അക്രമങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനും പങ്കുണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഒൻപതു പേരുടെ പട്ടികയാണ് പൊലീസ് പുറത്തുവിട്ടത്. ഇതിൽ ഏഴു പേരും വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരാണ്. രണ്ട് എബിവിപിക്കാരും പ്രതിപ്പട്ടികയിലുണ്ട്. പെരിയാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം അക്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.  സര്‍വര്‍ റൂമില്‍ അക്രമം നടത്തിയതും ഇടതു പ്രവര്‍ത്തകരാണെന്ന് ഡല്‍ഹി പൊലീസ് പിആര്‍ഒ ജോയി തിര്‍കെ പറഞ്ഞു.