ജെഎന്‍യു ആക്രമണം; യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റിലെ 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 02:47 PM  |  

Last Updated: 11th January 2020 02:47 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലുളളവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ രൂപം നല്‍കിയ യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണവിഭാഗം തിരിച്ചറിഞ്ഞത്. 60 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുളളത്.

ജനുവരി അഞ്ചിനാണ് ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ അന്നേ ദിവസമാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. നേരത്തെ അക്രമസംഭവത്തിന് പിന്നിലുളളവര്‍ എന്ന് സംശയിക്കുന്നവരുടെ ഒന്‍പത് ചിത്രങ്ങള്‍ ഡല്‍ഹി പൊലീസിന്റെ കീഴിലുളള ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. ഇതില്‍ ഐഷി ഘോഷിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ജനുവരി അഞ്ചിന് ഇരുട്ടിന്റെ മറവില്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ നടത്തിയ ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ 30 വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. എബിവിപിയാണ് ഇതിന് പിന്നിലെന്നാണ് ഐഷി ഘോഷ് ഉള്‍പ്പെടെയുളളവര്‍ ആരോപിക്കുന്നത്.