പൊലീസ് ഭരിക്കുന്ന സംസ്ഥാനങ്ങളായി മാറുന്നു; ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു; മോദിക്കും ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സോണിയ

ദേശസ്‌നേഹവും മതേതരത്വവും സഹിഷ്ണുതയുമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിക്കഴിഞ്ഞു
പൊലീസ് ഭരിക്കുന്ന സംസ്ഥാനങ്ങളായി മാറുന്നു; ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു; മോദിക്കും ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സോണിയ


ന്യൂഡല്‍ഹി : കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിയമം വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. 

പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ദേശസ്‌നേഹവും മതേതരത്വവും സഹിഷ്ണുതയുമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് വേണ്ടിയുള്ളതാണ് അത്  സോണിയാ ഗാന്ധി പറഞ്ഞു. 

രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധ സമരങ്ങളെ കുറിച്ചും സോണിയാ ഗാന്ധി സംസാരിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ചെറുപ്പക്കാരും സ്ത്രീകളും പ്രത്യേകിച്ച് വിദ്യാര്‍ഥികളും നിയമം നടപ്പാക്കിയാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെ കുറിച്ച് മനസ്സിലാക്കി കഴിഞ്ഞു. 

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രമേയം പാസാക്കി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നു.

ചില സംസ്ഥാനങ്ങളിലെ അവസ്ഥകള്‍ ആപത്കരമാണ്. സംസ്ഥാനം എന്നതില്‍ നിന്ന് പൊാലീസ് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് അവ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും. ഉത്തര്‍പ്രദേശിലെ മിക്കവാറും നഗരങ്ങളിലും, ജാമിയ മിലിയയിലും, ജെഎന്‍യുവിലും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അലഹാബാദ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും ഗുജറാത്ത് സര്‍വകലാശാലയിലും ബെഗംളുരുവിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലുമെല്ലാം ഉണ്ടായ പൊലീസ് അതിക്രമങ്ങള്‍ നമ്മളെ വിഹ്വലരാക്കിയതാണ്. 

പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com