സഹപാഠിയുടെ വിസര്‍ജ്യം രണ്ടാം ക്ലാസുകാരനെക്കൊണ്ട് നീക്കിച്ചു; അധ്യാപികയ്ക്ക് അഞ്ചു വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌  |   Published: 11th January 2020 08:15 AM  |  

Last Updated: 11th January 2020 08:15 AM  |   A+A-   |  

teacher

 

ചെന്നൈ; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് വിസര്‍ജ്യം നീക്കിച്ച ഗവണ്‍മെന്റ് അധ്യാപികയ്ക്ക് തടവുശിക്ഷ. നാമക്കല്‍ മുനിസിപ്പല്‍ സ്‌കൂള്‍ അധ്യാപിക വിജയലക്ഷ്മിയെയാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. കൂടാതെ 1000 രൂപ പിഴയും ഒടുക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. പിന്നോക്കവിഭാഗക്കാരനായ ബാലനെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു.

2015 നവംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പഠിപ്പിക്കാനെത്തിയ ടീച്ചര്‍ ക്ലാസില്‍ വിസര്‍ജ്യം കണ്ടു. അന്വേഷിച്ചപ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ചെയ്തതാണെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ക്ലാസുകാരനായ ശശിധരനെക്കൊണ്ട് വെറും കയ്യാല്‍ മാലിന്യം നീക്കിക്കുകയായിരുന്നു. ഇത് കുട്ടി മാതാപിതാക്കളെ അറിയിച്ചു. അടുത്തദിവസം ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ചേര്‍ന്ന് അധ്യാപികയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് സ്‌കൂളില്‍ എത്തി. പരാതിയെത്തുടര്‍ന്ന് അതിന് അടുത്ത ദിവസം തന്നെ ടീച്ചര്‍ അറസ്റ്റിലായി.