ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് ബ്രാന്‍ഡഡ് ഫോണുകള്‍, കിട്ടിയത് ഡ്യുപ്ലിക്കേറ്റ് ഫോണുകള്‍; ഡെലിവറി ബോയ്‌ക്കെതിരെ അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 05:17 PM  |  

Last Updated: 12th January 2020 05:17 PM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ഭോപ്പാല്‍:  ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ബ്രാന്‍ഡഡ് ഫോണുകള്‍ക്ക് പകരം നിലവാരം കുറഞ്ഞ ഡ്യുപ്ലിക്കേറ്റ് ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ ഡെലിവറി ബോയ്‌ക്കെതിരെ അന്വേഷണം. ഡ്യുപ്ലിക്കേറ്റ് ഫോണ്‍ കിട്ടിയ ഉപഭോക്താവ് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് നല്‍കി ഡെലിവറി ബോയ് കബളിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മധ്യപ്രദേശിലാണ് സംഭവം. അശോക ഗാര്‍ഡന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. നിലവാരം കുറഞ്ഞ ഡ്യുപ്ലിക്കേറ്റ് ഫോണ്‍ ആണ് ഉപഭോക്താവിന് നല്‍കിയത് എന്ന് കാണിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടല്‍ കൊറിയര്‍ കമ്പനിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസത്തെ ആഭ്യന്തര അന്വേഷണത്തിന് ഒടുവില്‍ കമ്പനിയിലെ ഡെലിവറി ബോയ് ആണ് ഇതിന് പിന്നിലെന്ന് കൊറിയര്‍ കമ്പനി കണ്ടെത്തുകയായിരുന്നു.തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രതിക്കെതിരെ വഞ്ചന കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിനായി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് കൊറിയര്‍ കമ്പനിയാണ്. കഴിഞ്ഞ അഞ്ചുമാസമായി സമാനമായ നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കൊറിയര്‍ കമ്പനിയുടെ മാനേജര്‍ പറയുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പനങ്ങള്‍ വിതരണം ചെയ്തു എന്ന് കാണിച്ചായിരുന്നു പരാതികള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.