ബിജെപിക്ക് തിരിച്ചടി; പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ ന്യൂനപക്ഷ നേതാക്കളുടെ കൂട്ട രാജി, അനുഭവിച്ചത് കടുത്ത വിവേചനമെന്ന് ആരോപണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2020 09:24 PM |
Last Updated: 12th January 2020 09:24 PM | A+A A- |

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ന്യൂനപക്ഷ നേതാക്കളുടെ കൂട്ട രാജി. പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചാണ് നാല്‍പ്പത്തിയെട്ട് മൈനോറിറ്റി സെല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിവേചനമാണ് നേരിട്ടതെന്നും ഒരുവിഭാഗത്തെ ഇകഴ്ത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
' നിയമം പാസാക്കിയ ശേഷം അതിന് പിന്തുണ ലഭിക്കാനായി സര്‍ക്കാര്‍ വീടു വീടാന്തരം കയറി ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ? 'എന്ന് മൈനോറിറ്റി സെല്ലിന്റെ ഭോപ്പാല്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ആദില്‍ ഖാന്‍ ചോദിച്ചു.
ശ്യാമപ്രസാദ് മുഖര്‍ജിയുടെയും വാജ്‌പെയിയുടെയും നിലപാടുകളല്ല ഇപ്പോഴുള്ള പാര്‍ട്ടി നേതൃത്വം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും മൈനോറിറ്റി സെല്‍ സംസ്ഥാന പ്രസിഡന്റിന് നല്‍കിയ രാജിക്കത്തില്‍ ഇവര്‍ ആരോപിക്കുന്നു.ബിജെപിയില്‍ ജനാധിപത്യമില്ലെന്നും രണ്ടുപേര്‍ പാര്‍ട്ടിയെ മുഴുവനായി ഹൈജാക്ക് ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ ബിജെപി തള്ളികളഞ്ഞു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഇവരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പാര്‍ട്ടി ആരോപിച്ചു. രാജ്യതാത്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരും സാമൂദായിക നേതാക്കളും ചേര്‍ന്നാണ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ ആരോപിച്ചു.