ചത്തീസ്ഗഢിലും ബിജെപി വീണു; കോര്‍പ്പറേഷന്‍ ഭരണം തൂത്തുവാരി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 01:15 PM  |  

Last Updated: 12th January 2020 01:15 PM  |   A+A-   |  

 

റായ്പുര്‍: ചത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് കോര്‍പറേഷന്‍ ഭരണവും പിടിച്ചെടുത്ത് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു.

2019ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഇത്. 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 ലോക്‌സഭാ സീറ്റില്‍ 9 ഉം ബിജെപി നേടിയിരുന്നു. അന്ന് രണ്ട് സീറ്റില്‍ മാത്രമാണ് കോ്ണ്‍ഗ്രസ് വിജയിച്ചത് 

151 നഗര സഭകളിലേക്കും 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 38 മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കും 103 പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 

ഡിസംബര്‍ 21 ന് നടന്ന തിരഞ്ഞെടുപ്പില്‍ 2834 വാര്‍ഡുകളില്‍ 1283 ഇടങ്ങളില്‍ കോണ്‍ഗ്രസും 1132 വാര്‍ഡുകളില്‍  ബിജെപിയും വിജയിച്ചു. 

പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ജഗദല്‍പുര്‍,ചിര്‍മിരി,അംബികാപുര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. മറ്റ് 7 കോര്‍പ്പറേഷനുകളില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനം നേടിയത്.