അടിച്ചു പൂസ്സായി 25കാരി, ശരീരത്തില്‍ 'ബോംബ്', വിമാനം തകര്‍ക്കുമെന്ന് ഭീഷണി ; ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും, തിരിച്ചിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 10:08 AM  |  

Last Updated: 13th January 2020 10:08 AM  |   A+A-   |  

ഫയല്‍ ചിത്രം

 

കൊല്‍ക്കത്ത : വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് യുവതിയുടെ ഭീഷണി. ദേഹത്തുകെട്ടിവെച്ച ബോംബ് പൊട്ടിച്ച് വിമാനം തകര്‍ക്കുമെന്നാണ് യുവതി പൈലറ്റിനെ അറിയിച്ചത്. ഇതോടെ ഭീതിയിലായ പൈലറ്റ് വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തിരിച്ചിറക്കി. എയര്‍ ഏഷ്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മോഹിനി മൊണ്ഡാല്‍ എന്ന 25 കാരിയാണ് വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയത്. അടിച്ചു ഫിറ്റായ യുവതി ക്യാബിന്‍ ക്രൂ അംഗത്തിന്റെ കയ്യില്‍, പൈലറ്റിന് നല്‍കാന്‍ ആവശ്യപ്പെട്ട് കുറിപ്പ് നല്‍കുകയായിരുന്നു. ഈ കുറിപ്പിലാണ് തന്റെ ശരീരത്തില്‍ ബോംബ് ഉണ്ടെന്നും, ഇത് പൊട്ടിച്ച് വിമാനം തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയത്.

ഇതോടെ ഭയചകിതനായ പൈലറ്റ് വിമാനം തിരികെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് 40 മിനുട്ട് പിന്നിട്ടപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. യുവതി അളവിലും കൂടുതല്‍ മദ്യം കഴിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് മോഹിനിയെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ നിന്നും ബോംബ് കണ്ടെത്തിയിട്ടില്ല. മദ്യലഹരിയില്‍ യുവതി പറഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ എന്തിനാണ് 'ബോംബ് ഭീഷണി' മുഴക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.