ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; സംഭവം കസ്റ്റഡിമരണ കേസ് കോടതി പരിഗണിക്കാനിരിക്കേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 09:02 PM  |  

Last Updated: 13th January 2020 09:02 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഡോ പ്രശാന്ത് ഉപാധ്യായയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉന്നാവ് സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെ കളളക്കേസില്‍ കുടുക്കി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 2018 ഏപ്രിലിലാണ് സംഭവം. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ചത് പ്രശാന്ത് ഉപാധ്യായയാണ്. അച്ഛന് പ്രാഥമിക ചികിത്സ മാത്രം നല്‍കി ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതില്‍ ഉപാധ്യായയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് മരിക്കുകയും ചെയ്തു. ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിബിഐ അന്വേഷിക്കുകയും ഉപാധ്യായയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഫത്തേപ്പൂരില്‍ അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വരാനിരിക്കേയാണ്, ഡോക്ടറുടെ മരണം.

തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ഉപാധ്യായ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ തുടക്കത്തില്‍ ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണം സംഭവിച്ചതായി ഡോക്ടര്‍ വ്യക്തമാക്കി. ഉപാധ്യായ പ്രമേഹരോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപിയില്‍നിന്നു പുറത്താക്കപ്പെട്ട, ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത് ആഴ്ചകള്‍ക്ക് മുന്‍പാണ്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് തീസ് ഹസാരി കോടതി കണ്ടെത്തുകയായിരുന്നു.

കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ജീവിതാവസാനം വരെയാണെന്ന് കോടതി വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിനു പുറമേ ഇരുപത്തിയഞ്ചു രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. ഇതില്‍ പത്തു ലക്ഷം രൂപ പെണ്‍കുട്ടിക്കു കൈമാറണം. പതിനഞ്ചു ലക്ഷം കേസിനു ചെലവായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.