ക്യാമ്പസില്‍ അതിക്രമിച്ചു കയറി; ഡല്‍ഹി പൊലീസിന് എതിരെ കേസ് കൊടുക്കുമെന്ന് ജാമിയ വിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 02:58 PM  |  

Last Updated: 13th January 2020 03:02 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചത് അനുമതിയില്ലാതെയെന്ന് ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍. പൊലീസിന് എതിരെ കേസ് കൊടുക്കുമെന്ന് വിസി നജ്മ അക്തര്‍ വ്യക്തമാക്കി. 

ഡല്‍ഹി പൊലീസിന് എതിരെ കേസ് കൊടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വിസിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് പൊലീസിന് എതിരെ പരാതി  നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്.

പരീക്ഷകള്‍ പുനക്രമീകരിക്കണമെന്നും  സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. മെയിന്‍ ഗേയ്റ്റിന്റെ പൂട്ടുപൊളിച്ചാണ് വിദ്യാര്‍ത്ഥികള്‍ വിസിയുടെ ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയത്. 
                                                                                                              
ഡിസംബര്‍ പതിനനഞ്ചിനാണ് ഡല്‍ഹി പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ലാത്തിചാര്‍ജ് നടത്തിയത്. ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം അടച്ച് ക്യാമ്പസ് ആറാംതീയതിയാണ് വീണ്ടും തുറന്നത്.