ഡി കെ ശിവകുമാറിന്റെ മണ്ഡലത്തില്‍ 114 അടി ഉയരമുള്ള ക്രിസ്തു പ്രതിമ; പ്രതിഷേധവുമായി ആര്‍എസ്എസ്, തന്റെ തീരുമാനമല്ലെന്ന് ഡി കെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 03:23 PM  |  

Last Updated: 13th January 2020 03:23 PM  |   A+A-   |  

 

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മണ്ഡലത്തില്‍ 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധവുമായി ആര്‍എസ്എസ്. ശിവകുമാറിന്റെ മണ്ഡലമായ കനകപുരയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പ്രതിമയ്ക്ക് എതിരെ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ വേദികെ എന്നിവരുട നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനം തന്റേതല്ലെന്നും അത് ഗ്രാമീണരായ ക്രിസ്തുമത വിശ്വാസികളെടുത്തതാണെന്നും ശിവകുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ താന്‍ അവരെ സഹായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
'പ്രതിമ നിര്‍മ്മിക്കാനായി നല്‍കിയ ഭൂമിയാണിത്.എല്ലാം നിയമപ്രകാരമാണ് നടക്കുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഞാനവിടുത്തെ എംഎല്‍എയാണ്. എനിക്കവരെ പിന്തുണക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. രാമനഗര ജില്ലയിലെ ഹരോബെലെയില്‍ കഴിഞ്ഞ ക്രിസ്മസിനാണ് ഡികെ ശിവകുമാര്‍ പ്രതിമ സ്ഥാപിക്കാനായി തറക്കല്ലിട്ടത്.