പ്രചാരണ ഗാനത്തില്‍ മനോജ് തിവാരിയുടെ നൃത്തം ; എഎപിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ; 500 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 10:35 AM  |  

Last Updated: 13th January 2020 10:35 AM  |   A+A-   |  

 

ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി ഡല്‍ഹി ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഎപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചു എന്നാരോപിച്ചാണ് ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം മനോജ് തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി. ലഗേ രഹോ കെജ്‌രിവാള്‍ ഗാനം വളരെ നല്ലതായതിനാല്‍ തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി പാര്‍ട്ടി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

തന്റെ വീഡിയോ ഉപയോഗിക്കാന്‍ ആരാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുവാദം കൊടുത്തത് എന്നാരാഞ്ഞ തിവാരി ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയതായി അറിയിച്ചു. 500 കോടി രൂപ നഷ്ടപരിഹാരവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേക്കാള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പ്രശസ്തനായതുകൊണ്ടാണ് തിവാരിയുടെ മുഖം പ്രചാരണത്തിനായി എഎപി ഉപയോഗിച്ചതെന്ന് ഡല്‍ഹി ബിജെപി മീഡിയാ റിലേഷന്‍സ് മേധാവി നീലകണ്ഠ് ബക്ഷി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എഎപി പ്രതികരിച്ചിട്ടില്ല