പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം : കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്; മമത ഇല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 07:04 AM  |  

Last Updated: 13th January 2020 07:04 AM  |   A+A-   |  

Sonia-Rahul-

 

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോ​ഗം നിശ്ചയിച്ചിരുന്നത്. പിന്നീട് പാർലമെൻറിലേക്ക് മാറ്റുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.

തൃണമൂൽ കോൺ​ഗ്രസിന് പിന്നാലെ ആംആദ്മി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികളും യോഗം ബഹിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. പ്രതിഷേധത്തിന്‍റെ രാഷ്ടീയ ലാഭം കോൺഗ്രിന് മാത്രമായേക്കുമെന്ന വിലയിരുത്തലാണ് നിസ്സഹകരണത്തിന് കാരണം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു.

പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്. പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ബിജെപി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.