മഠത്തില്‍ രാഷ്ട്രീയ പ്രസംഗം നടത്തി; മോദിക്കെതിരെ പ്രതിഷേധവുമായി രാമകൃഷ്ണ മിഷന്‍ സന്യാസിമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 12:15 PM  |  

Last Updated: 13th January 2020 12:15 PM  |   A+A-   |  

 

കൊല്‍ക്കത്ത: ബേലൂര്‍ മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാമകൃഷ്ണ മിഷന്‍ സന്യാസിമാര്‍. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട മോദിയുടെ പ്രസംഗത്തിന് എതിരെയാണ് മഠത്തിലെ അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമം പിന്‍വലിക്കില്ലെന്നുമായിരുന്നു മോദിയുടെ പ്രസംഗം. 

രാഷ്ട്രീയമില്ലാതെ നിഷ്പക്ഷരായി നിലകൊള്ളുന്ന രാമകൃഷ്ണമിഷന്റെ വേദി വിവാദ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതില്‍ വളരെയധികം വേദനയുണ്ടെന്ന് മിഷന്‍ അംഗമായ ഗൗതം റോയി പറഞ്ഞു. 

എന്തിനാണ് ഒരു രാഷ്ട്രീയസന്ദര്‍ശനത്തിന് എത്തിയ മോദിക്ക് മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കാന്‍ വേദി നല്‍കിയതെന്നും അതൃസന്യാസിമാര്‍ ചോദിച്ചു.

വിവേകാനന്ദ ജയന്തി ദിനത്തിലാണ് മോദി ബേലൂര്‍ മഠത്തിലെത്തിയത്.ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് ആദരമര്‍പ്പിച്ച ശേഷം, വിവേകാനന്ദന്‍ താമസിച്ചിരുന്ന മുറിയിലും മോദി സന്ദര്‍ശനം നടത്തി. 

മോദി പങ്കെടുത്ത കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷിക പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നിരുന്നു. പോര്‍ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മമത വിട്ടുനിന്നത്.