'വിവേകാനന്ദന്‍  പൗരത്വ നിയമത്തിന് എതിരായിരുന്നു'; അബദ്ധം പിണഞ്ഞ് ബിജെപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 11:34 AM  |  

Last Updated: 13th January 2020 11:34 AM  |   A+A-   |  

 

പനാജി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വന്‍ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ്. വിവേകാനന്ദന്‍ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരായിരുന്നുവെന്ന തരത്തിലുള്ള ഹാഷ്ടാഗ് ആണ് ഗോവയിലെ ബിജെപി മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ നരേന്ദ്ര സവൈക്കറെ പുലിവാല് പിടിപ്പിച്ചത്. 

വിവേകാനന്ദന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് സവൈക്കര്‍ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്. വിവേകാനന്ദന്റെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിലെ വരികള്‍ ഉദ്ധരിച്ചായിരുന്നു ട്വീറ്റ്. '''ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സകല മതത്തിലും ഉള്‍പ്പെട്ട എല്ലാ അഭയാര്‍ത്ഥികള്‍ക്കും പീഡിതര്‍ക്കും അഭയം നല്‍കുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു'' സവൈക്കര്‍ കുറിച്ചു. 

ട്വീറ്റിനൊപ്പം വിവേകാനന്ദന്‍ സിഎഎ, എന്‍ആര്‍സി, ഹിന്ദുത്വ എന്നിവക്കെതിരാണെന്ന ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തു. അബദ്ധം സംഭവിച്ചെന്ന് മനസ്സിലായതോടെ സവൈക്കര്‍ ട്വീറ്റ് പിന്‍വലിച്ചു. അബദ്ധം മനുഷ്യ സഹജമാണെന്നും തെറ്റ് തിരുത്തിയെന്നും സവൈക്കര്‍ പിന്നീട് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.