കാറുമായി കറങ്ങി കളവ്; മോഷണ മുതല്‍ വില്‍ക്കാനായി ജ്വല്ലറി തുടങ്ങി, വിദഗ്ധമായി പിടികൂടി പൊലീസ്

 തിരുനല്‍വേലിക്കാരുടെ ഉറക്കംകെടുത്തിയ മോഷണംസംഘത്തെ അതിവിദഗ്ധമായി പിടികൂടി പൊലീസ്
കാറുമായി കറങ്ങി കളവ്; മോഷണ മുതല്‍ വില്‍ക്കാനായി ജ്വല്ലറി തുടങ്ങി, വിദഗ്ധമായി പിടികൂടി പൊലീസ്

തിരുനല്‍വേലി: തിരുനല്‍വേലിക്കാരുടെ ഉറക്കംകെടുത്തിയ മോഷണംസംഘത്തെ അതിവിദഗ്ധമായി പിടികൂടി പൊലീസ്. പതിനാറ് ദിവസം നീണ്ടുനിന്ന തിരിച്ചലിന് ഒടുവിലാണ് മോഷണ പരമ്പരയിലെ പ്രതികളെ പൊലീസ് 350 കിലോമീറ്റര്‍ ദൂരെ തിരുപ്പൂരില്‍ നിന്ന് പിടികൂടിയത്. 

തിരിച്ചറിയാന്‍ കഴിയാതിരുന്ന ഇവരെ കുടുക്കാനായി തിരുനല്‍വേലി സിറ്റി പൊലീസ് പരിശോധിച്ചത് നഗരത്തിലെ 460 സിസിടിവി ദൃശ്യങ്ങളാണ്. എട്ടുലക്ഷം രൂപയും 52 പവന്‍ സ്വര്‍ണവും ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു.  വി രാമജയം, യാസര്‍ അറഫത്ത്, മുഹമ്മദ് റഫീഖ്, ഗുരുശക്തി എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. 

സംസ്ഥാന വ്യാപകമായി മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ വേണ്ടി തിരുപ്പൂരുല്‍ ഇവര്‍ ഒരു ജ്വല്ലറി നടത്തിവരികയായിരുന്നു. തിരുനല്‍വേലിയിലെ ഒരുവീട്ടില്‍ നിന്ന് 77പവന്‍ കവര്‍ന്നതിനെപ്പറ്റിയുള്ള അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് നയിച്ചത്.

ഈ വീട്ടില്‍ സിസി ടിവി ഉണ്ടായിരുന്നില്ല. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയല്ലാതെ പൊലീസിന് മറ്റുവഴികള്‍ ഇല്ലായിരുന്നു. സിസിടി നിരീക്ഷണത്തില്‍ നിന്ന് ഒരു കാര്‍ വ്യാജ രജിസ്‌ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തി. പിന്നീട് ഇതിനെച്ചുറ്റിപ്പറ്റിയായി പൊലീസിന്റെ അന്വേഷണം. ഈ കാര്‍ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് പരിശോധിച്ചു. 

പക്ഷേ അവിടെയും പൊലീസിന് തിരിച്ചടിയായി. കുറ്റവാളികള്‍ നമ്പര്‍ പ്ലേറ്റ് മാറ്റി. അതേ നിറവും മോഡലുമുള്ള കാര്‍ കണ്ടെത്താന്‍ സാധിച്ചു, പക്ഷേ നമ്പര്‍ മാറിയത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് പൊലീസ് പറയുന്നു. കാറില്‍ ഒട്ടിച്ചിരുന്ന മൂന്ന് ഇഞ്ച് വലിപ്പമുള്ള ഒരു സ്റ്റിക്കറാണ് അതേ വാഹനം തന്നെയാണ് ഇതെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്. 

വീണ്ടും നമ്പര്‍ മാറ്റിയ മോഷ്ടാക്കള്‍ കാറുമായി പോയത് തിരുപ്പൂരിലേക്കാണ്. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അവിടുത്തെ സിസിടിവിയില്‍ ഇവരുടെ മുഖം പതിഞ്ഞു. തിരുപ്പൂര്‍ പൊലീസിന്റെ സഹയാത്തോടെ ഇവരെ തിരിച്ചറിയാന്‍ സാധിച്ചു. 

തിരുനല്‍വേലിയില്‍ 460 സിസിടിവികളാണുള്ളത്. ഹൈവേയിലെ നൂറുക്യാമറകളില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ കാറില്‍ ചുറ്റിയാണ് ഇവര്‍ സ്ഥിരമായി മോഷണം നടത്തിപ്പോന്നിരുന്നതെന്നും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com