ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്ന് നിതീഷ് കുമാര്‍

പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ നിയമസഭയിലാണ്  മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച വിഷയമേ ഉദിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കിയത്.

പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച വേണം. എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കില്‍ സഭയില്‍ തന്നെ ചര്‍ച്ചയാകാം. എന്നാല്‍ പൗരത്വ രജിസ്റ്ററില്‍ ഒരു ചോദ്യവും വേണ്ട. പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് ആസാമിന് വേണ്ടിയാണ്. അത് ബീഹാറില്‍ നടപ്പാക്കേണ്ടതില്ല. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പൗരത്വ രജിസ്റ്ററിനെതിരെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി നയം നിയമസഭയിലും വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com