കോണ്‍ക്രീറ്റ് പൈപ്പുകളില്‍ ആറു കൂറ്റന്‍ പെരുമ്പാമ്പുകള്‍; 18 അടി നീളം, ഭീതിയില്‍ നാട്ടുകാര്‍, വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2020 04:25 PM  |  

Last Updated: 14th January 2020 04:34 PM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ഭുവനേശ്വര്‍: ഒഡിഷയില്‍ ഉപേക്ഷിക്കപ്പെട്ട കോണ്‍ക്രീറ്റ് പൈപ്പുകളില്‍ നിന്ന് ആറു കൂറ്റന്‍ പെരുമ്പാമ്പുകളെ കണ്ടെത്തി. ഒഡിഷയിലെ ധെങ്കനാല്‍ ജില്ലയിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ക്കാനെത്തിയ ആട്ടിടയന്‍മാരാണ് പൈപ്പിനുള്ളില്‍ പതുങ്ങിയിരിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ ആദ്യം കണ്ടെത്തിയത്. ഇവരാണ് ഗ്രാമവാസികളെ വിവരമറിയിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിലൂടെ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഗ്രാമവാസികള്‍ വിവരമറിയിച്ചതനുസരിച്ച് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പൈപ്പിനുള്ളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടിയത്. 18 അടിയോളം നീളമുണ്ടായിരുന്നു ആദ്യം പിടികൂടിയ പാമ്പിന്. ഇതിനു പിന്നാലെ വീണ്ടും പൈപ്പിനുള്ളില്‍ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. വലിയ കോണ്‍ക്രീറ്റ് പൈപ്പ് ജെസിബി ഉപയോഗിച്ച് തകര്‍ത്താണ് മറ്റ് പാമ്പുകളെ അവിടെനിന്നും നീക്കം ചെയ്തത്.

പിടികൂടിയ പാമ്പുകളില്‍ ഏറ്റവും വലുതിന് 18 അടിയോളം നീളമുണ്ടായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ബര്‍മീസ് പൈതണ്‍ വിഭാഗത്തില്‍ പെടുന്ന പെരുമ്പാമ്പുകളാണിതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

16 അടിയോളം നീളമുണ്ടായിരുന്നു മറ്റൊരു പാമ്പിന്. പിടികൂടിയ മറ്റ് 4 പാമ്പുകള്‍ 10-12 അടിക്ക് ഇടയിലുള്ളവയായിരുന്നു. പിടികൂടിയ 6 പാമ്പുകളെയും സമീപത്തുള്ള  വനമേഖലയില്‍ കൊണ്ടുപോയി തുറന്നുവിട്ടു.