ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 14th January 2020 07:41 PM  |  

Last Updated: 14th January 2020 09:51 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ന്യഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി  തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ മത്സരിക്കും.

70മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. നാല്‍പ്പത്തിആറ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജാമിയ സംഘര്‍ഷത്തില്‍ ആരോപണ വിധേയനായി അമാനുള്ള ഖാന്‍ ഓഖ്‌ലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ശക്തമായ ത്രികോണമത്സരത്തിനാണ് ഡല്‍ഹി വേദിയാവാന്‍ പോകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹി പിടിച്ചെടുക്കാന്‍ എല്ലാ പ്രചാരണായുധങ്ങളുമായി രംഗത്തിറിങ്ങിയിരിക്കുകയാണ് ബിജെപി. എന്നാല്‍ തന്റെ ജനസ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ചത്തീസ്ഗഢ്, മഹാരാഷ്ട്രയിലെ തിരിച്ചുവരവ് ഡല്‍ഹിയിലും ഉണ്ടാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 

ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21നാണ്. സൂക്ഷ്മപരിശോധന 22ന്. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 24. എഴുപത് നിയമസഭാ മണ്ഡലങ്ങളില്‍ പന്ത്രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ്. 13,750 പോളിങ് സ്‌റ്റേഷനുകളാണ് 1.47 കോടി വോട്ടര്‍മാര്‍ക്കായി തയാറാക്കിയിട്ടുള്ളത്. 

പൂര്‍ണമായും ഫോട്ടോ പതിച്ച ഇലക്ട്രല്‍ റോള്‍ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് പ്രക്രിയ. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. പൂര്‍ണമായും ഇവിഎംവിവിപാറ്റ് സംവിധാനങ്ങളോടെയുള്ള പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. 

അതേസമയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഐ.എ.എന്‍.എക്‌സ് വോട്ടര്‍ സര്‍വെ റിപ്പോര്‍ട്ട്.  ആം ആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് എട്ട് സീറ്റുകള്‍ മാത്രമേ ലഭിക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. 


 

സ്ഥാനാര്‍ഥികള്‍