എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രം; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍, സമയപരിധി 31 വരെ ; ഇല്ലെങ്കില്‍ കര്‍ശന നടപടി, മുന്നറിയിപ്പ്

ഡിജിസിഎയുടെ ഡിജിറ്റല്‍ സ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്
എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രം; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍, സമയപരിധി 31 വരെ ; ഇല്ലെങ്കില്‍ കര്‍ശന നടപടി, മുന്നറിയിപ്പ്


ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ജനുവരി 14 മുതല്‍ വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റല്‍ സ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ജനുവരി 31 ആണ് അവസാന സമയപരിധി. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനില്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും (DAN) അംഗീകൃത ഉടമസ്ഥ നമ്പറും (OAN) ലഭിക്കും. ഡ്രോണുകളുടെ അംഗീകാരം തെളിയിക്കുന്ന നമ്പറുകളാണിവ. ഇവരണ്ടും ഇല്ലാതെ ജനുവരി 31ന് ശേഷം ഏത് തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിമയവിരുദ്ധമായി 50000 മുതല്‍ 60000 വരെ ഡ്രോണുകളുണ്ടെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com