മരണവാറന്റിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നിര്‍ഭയ കേസില്‍ പുതിയ നീക്കവുമായി പ്രതി 

നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍  രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നല്‍കി
മരണവാറന്റിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നിര്‍ഭയ കേസില്‍ പുതിയ നീക്കവുമായി പ്രതി 

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍  രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. മരണ വാറന്റിനെതിരെ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും.  ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.

 വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ കേസില്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് മുകേഷ് സിങ്ങിന്റെ അടുത്ത നീക്കം. 

മുകേഷ് സിങ് അടക്കം രണ്ട് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി തളളിയിരുന്നു. വധശിക്ഷയില്‍ ഇളവ് തേടി മുകേഷ് സിങ്ങിന് പുറമേ വിനയ് ശര്‍മയുമാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. 

ജസ്റ്റിസ് എന്‍വി രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ റോഹിംഗടന്‍ നരിമാന്‍, അരുണ്‍ മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി പരിശോധിച്ചത്. 

ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുളള സാധ്യതയാണ് മുകേഷ് സിങ് ഉപയോഗപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com