എന്‍ഐഎ നിയമം ഭരണഘടനാ വിരുദ്ധം; അനുച്ഛേദം 131 പ്രകാരം ഛത്തിസ്ഗഢ് സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 12:56 PM  |  

Last Updated: 15th January 2020 12:56 PM  |   A+A-   |  

NIA_0

 

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥാപിക്കുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തിസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേന്ദ്ര നടപടിയില്‍ തര്‍ക്കം ഉന്നയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന, ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചാണ് ഛത്തിസ്ഗഢ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതേ അനുച്ഛേദ പ്രകാരം ഇന്നലെ കേരളം പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്‍ഐഎ നിയമം ഭരണഘടനാ വിരുദ്ധവും പാര്‍ലമെന്റിന്റെ അധികാരത്തിനു പുറത്തുള്ളതുമാണെന്ന് ഛത്തിസ്ഗഢ് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ ഷെഡ്യൂള്‍ ഏഴ് പ്രകാരം കേസ് അന്വേഷണം സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഉള്ള അന്വേഷണം നടത്തുന്നതിന് ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ നിയമമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

സംസ്ഥാനത്തിന്റെ അധികാരത്തില്‍ കടന്നുകയറുന്നതു മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായ അധിക അധികാരം അനുവദിച്ചുനല്‍കുന്നതുമാണ് നിയമം. ഈ നിയമം അനുസരിച്ച് കേസുകള്‍ ഏറ്റെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവേചന അധികാരം മാത്രമാണ് മാനദണ്ഡം. സംസ്ഥാനത്തിന്റെ അനുമതിയോ അറിവോ ഇക്കാര്യത്തില്‍ വേണ്ടെന്നാണ് നിയമം പറയുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതെയും ബാധിക്കുന്ന വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിക്കാനാണ്, 2008ല്‍ എന്‍ഐഎ നിയമം പാസാക്കിയത്. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതോ രാജ്യാന്തര ഉടമ്പടികളെ ബാധിക്കുന്നതോ ആയ കേസുകളും നിയമപ്രകാരം എന്‍ഐഎയ്ക്ക് ഏറ്റെടുക്കാം. 

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരണത്തിലിരുന്നപ്പോള്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.