കനത്ത മഞ്ഞു വീഴ്ച; ​ഗർഭിണിയായ യുവതിയെ തോളിലേറ്റി നാല് കിലോമീറ്റർ നടന്ന് സൈന്യം; അഭിനന്ദനവുമായി പ്രധാനമന്ത്രി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 03:27 PM  |  

Last Updated: 15th January 2020 03:27 PM  |   A+A-   |  

pragnant_w

 

ശ്രീന​ഗർ: ഗർഭിണിയായ യുവതിയെ തോളിലേറ്റി നാല് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം. സൈന്യം തന്നെ ട്വിറ്റർ പേജിലൂടെ പങ്കിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ഹൃദയ സ്പർശിയായ ഈ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. ഒപ്പം സൈന്യത്തെ ആദ്ദേഹം അഭിനന്ദിച്ചു. 

കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ​ഗർഭിണിയായ ഷാമിമ എന്ന യുവതി വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഈ സമയം പ്രസവ വേദനയും ആരംഭിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് രക്ഷകരായി ഇന്ത്യൻ സൈന്യം എത്തുന്നത്.

നൂറോളം സൈനികർ യുവതിയുടെ വീട്ടിലെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതിയെ സ്ട്രച്ചറിൽ കിടത്തിയ ശേഷം തോളിലേറ്റിയ സൈന്യം നാല് കിലോമീറ്റർ നടന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് യുവതി പ്രസവിച്ചതായും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും സൈന്യം ട്വീറ്റ് ചെയ്തിരുന്നു. 

വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ സൈന്യം. നമ്മുടെ സൈന്യത്തിന്റെ മാനുഷിക മൂല്യത്തിൽ അഭിമാനിക്കുന്നു. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം സൈന്യം അവസരത്തിനൊത്തുയർന്ന് സാധ്യമായതെല്ലാം ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കരസേന ദിനത്തോടനുബന്ധിച്ച് സൈന്യത്തിന്റെ വീഡിയോ പങ്കിട്ടാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.