ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് തെലങ്കാനയും; ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നത് എന്തിനെന്ന് മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2020 12:19 PM |
Last Updated: 15th January 2020 12:19 PM | A+A A- |

ഹൈദരാബാദ്: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയും. സംസ്ഥാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ എന്‍ആര്‍സിക്കെതിരെ രംഗത്തുവന്നപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി മന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിലപാടു വ്യക്തമാക്കിയിരുന്നില്ല.
ലോകത്ത് എവിടെയും പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാണ് അഭിപ്രായമെന്ന് മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു. എന്നാല്‍ പൗരത്വം തെളിയിക്കുന്നതിനായി രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും ഹിന്ദുക്കള്‍ പീഡനം നേരിടുന്നുണ്ട്. അവര്‍ക്കെല്ലാം പൗരത്വം നല്‍കണം. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ അടുത്തിടെ കണ്ടപ്പോള്‍ ഈ ്അഭിപ്രായം മുന്നോട്ടുവച്ചിരുന്നെന്ന് അലി പറഞ്ഞു.
പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? കാലങ്ങളായി ഇവിടെ താമസിക്കുന്നവരാണ് അവര്‍. അവരെ അനാവശ്യമായി സമ്മര്‍ദത്തില്‍ ആക്കുകയാണ്. പൗരത്വം തെളിയിക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റ് ഒന്നും ആരുടെ പക്കലും കാണില്ല. എന്‍ആര്‍സി എന്തായാലും തെലങ്കാനയില്‍ നടപ്പാക്കാന്‍ പോവുന്നില്ലെന്ന് മന്ത്രി പറഞ്ഞു.