നിര്‍ഭയ: മരണവാറണ്ടിന് സ്റ്റേ ഇല്ല; ദഹാഹര്‍ജി തള്ളാന്‍ സര്‍ക്കാര്‍ ശുപാര്‍ശ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 03:14 PM  |  

Last Updated: 15th January 2020 03:48 PM  |   A+A-   |  

nirbhaya

 

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന, മുകേഷ് സിങ്ങിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ഇക്കാര്യം ഉന്നയിച്ച് മുകേഷ് സിങ്ങിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും ദയാഹര്‍ജി നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതിയുടെ അപ്പീലും പുനപ്പരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതാണ്. മരണവാറണ്ട് പുറപ്പെടുവിക്കുമ്പോള്‍ തിരുത്തല്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിചാരണക്കോടതിയുടെ നടപടിയില്‍ വീഴ്ച വന്നിട്ടില്ല- ജസ്റ്റിസുമാരായ മന്‍മോഹനും സംഗീത ദിന്‍ഗ്രയും ചൂണ്ടിക്കാട്ടി.

വധശിക്ഷ നടപ്പാക്കുന്നതു നീണ്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായി മാത്രമേ ഇപ്പോഴത്തെ ഹര്‍ജിയെ കാണാനാവൂ എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2007 മുതല്‍ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ സമയം ലഭിച്ചിട്ടും പ്രതി അതു ചെയ്തില്ല. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ്ങിന് വിചരണക്കോടതിയെയോ അല്ലെങ്കില്‍ സുപ്രീം കോടതിയെയോ സമീപിക്കാം. ഒരു കോടതിക്കെതിരെ മറ്റൊരു കോടതിയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വാദത്തിനിടെ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ കുറ്റവാളിയെ തൂക്കിക്കൊല്ലാനാവില്ലെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ രാജീവ് മെഹ്ര കോടതിയില്‍ പറഞ്ഞു. ദയാഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാലു ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് മെഹ്ര ചൂണ്ടിക്കാട്ടി.

പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ് ഹര്‍ജി നല്‍കിയത്. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ കേസില്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. 

അതിനിടെ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ലഫ്. ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മിന്നല്‍ വേഗത്തിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് സിസോദിയ പറഞ്ഞു.