കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിക്കും

മന്ത്രിമാരായ ജി കിഷന്‍ റെഡ്ഡി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍, പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, രമേശ് പൊഖ്രിയാല്‍ എന്നിവര്‍ സംഘത്തിലുണ്ടാകും 
കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ജനോപകാര പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനുമായി കേന്ദ്ര മന്ത്രിമാരുടെ സംഘം ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തും. ജനുവരി 19നും 24നും ഇടയിലായിരിക്കും സന്ദര്‍ശനം.

കശ്മീരിലെയും ജമ്മുവിലെയും വിവിധ ജില്ലകള്‍ സംഘം സന്ദര്‍ശിക്കും. മന്ത്രിമാരായ ജി. കിഷന്‍ റെഡ്ഡി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍, പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, രമേശ് പൊഖ്രിയാല്‍ എന്നിവര്‍ സംഘത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

'കേന്ദ്ര മന്ത്രിമാരുടെ സംഘം മേഖല സന്ദര്‍ശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയെന്ന നിര്‍ദേശം ഉണ്ട്. കേന്ദ്ര നടപടി ജനങ്ങള്‍ക്ക് ഗുണകരമായ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന് മനസിലാക്കുകയും പ്രതികരണം അറിയുകയുമാണ് ലക്ഷ്യം' ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞയാഴ്ച, വിദേശ പ്രതിനിധികളുടെ 15 അംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ സന്ദര്‍ശനത്തിന് അയച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതിനും ശേഷം ആദ്യമായാണ് കേന്ദ്ര മന്ത്രിമാരുടെ സംഘം സന്ദര്‍ശനത്തിനെത്തുന്നത്. അഞ്ച് മാസം പിന്നിട്ടിട്ടും മേഖല സാധാരണ നിലയിലേക്ക് തിരികെയെത്താത്ത സാഹചര്യമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com