വീണ്ടും പെണ്‍കുട്ടി ജനിക്കുമോ എന്ന ഭയം, ഭര്‍ത്താവ് 27കാരിയെ ക്രൂരമായി കൊലപ്പെടുത്തി, വെട്ടിനുറുക്കി പൊടിയാക്കി, കത്തിച്ചു ദൂരെയെറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 16th January 2020 04:37 PM  |  

Last Updated: 16th January 2020 04:37 PM  |   A+A-   |  

 

ലക്‌നൗ: ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തിന് ദൃക്‌സാക്ഷിയായ മൂത്തമകള്‍ അമ്മ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വീണ്ടും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുമോ എന്ന ഭയമാണ് ഭര്‍ത്താവിനെ ഇത്തരത്തിലുളള ഒരു പ്രകോപനത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ദമ്പതികള്‍ക്ക് ഏഴും 11 വയസ്സുമുളള രണ്ടു പെണ്‍കുട്ടികളാണ് മക്കളായി ഉളളത്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ജനുവരി നാലിനാണ് ഊര്‍മ്മിള എന്ന 27കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ 35 വയസ്സുളള രവീന്ദ്ര കുമാറാണ് അറസ്റ്റിലായത്. യുവതി മരിച്ച അന്ന് തന്നെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി രവീന്ദ്ര കുമാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഊര്‍മ്മിളയുടെ മൂത്തമകള്‍ അച്ഛന്റെ കൊലപാതകം അമ്മവീട്ടില്‍ ചെന്ന് വിവരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് പെണ്‍കുട്ടിയെന്ന് പൊലീസ് പറയുന്നു. അച്ഛനൊടൊപ്പം മുത്തച്ഛനും അമ്മാവന്മാരും കൊലപാതകത്തില്‍ പങ്കാളികളാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ജനുവരി 10ന് തന്റെ സഹോദരിയുടെ മരണത്തിന് കാരണം രവീന്ദ്രകുമാര്‍ ആണ് എന്ന് ആരോപിച്ച് ഊര്‍മ്മിളയുടെ സഹോദരി വിദ്യ ദേവി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അതിനിടെ യുവതിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം വിഫലമായി. തനിക്കെതിരെ ഭാര്യാ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രവീന്ദ്രകുമാറിനെ കാണാതായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതായും മൃതദേഹം കഷ്ണങ്ങളാക്കിയെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടര്‍ന്ന് പൊടിമില്ലില്‍ കൊണ്ടുപോയി കഷ്ണങ്ങള്‍ പൊടിയാക്കി. പിന്നീട് അവശേഷിക്കുന്നവ കത്തിക്കുകയും ചാരം നാലുകിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു