സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്തു; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 12:19 PM  |  

Last Updated: 16th January 2020 12:47 PM  |   A+A-   |  

 

ഭോപ്പാല്‍: ഹിന്ദുത്വനേതാവ് വിഡി സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്യാന്‍ അനുവദിച്ച മധ്യപ്രദേശിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയിലാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്ത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സ്‌കൂളില്‍ സവര്‍ക്കറുടെ ചിത്രമുള്ള നോട്ട് ബുക്കുകള്‍ വിതരണം ചെയതത്. 

മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അധ്യാപകനാണ് സസ്‌പെന്‍ഷനിലായ ആര്‍എന്‍ കെരാവത്ത്. രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് വീര്‍ സവര്‍ക്കര്‍ ജനഹിതാര്‍ഥ സമിതി എന്ന സംഘടന വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്തത്. ഒമ്പത്, പത്ത് ക്ലാസുകളിലായി 500 നോട്ടുബുക്കുകളാണ് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഇവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്തത്. .

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിഷയത്തില്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തുകയും പ്രിന്‍സിപ്പലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്തുവെന്നതാണ് പ്രിന്‍സിപ്പലിനെതിരായ ആരോപണം. 

അതേസമയം താന്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്ന് സസ്‌പെന്‍ഷനിലായ പ്രിന്‍സിപ്പല്‍പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്ക് നല്‍കാന്‍ മാത്രമാണ് അനുവാദം നല്‍കിയത്. എന്നാല്‍ പിന്നീടാണ് അതില്‍ സവര്‍ക്കറിന്റെ ചിത്രവും അദ്ദേഹത്തേപ്പറ്റിയുള്ള ജീവ ചരിത്രവുമുണ്ടായിരുന്നുവെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടെന്നും വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.