'മാതാപിതാക്കള്‍ ജനിച്ചത് എവിടെ? എന്ന്?' ; എന്‍പിആറില്‍ വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കില്ല; റിപ്പോര്‍ട്ട് 

ഡ്രൈവിങ് ലൈസന്‍സിലെ വിവരങ്ങള്‍, വോട്ടര്‍ ഐഡിയിലെ വിവരങ്ങള്‍, അവസാനം താമസിച്ച സ്ഥലം തുടങ്ങിയ വിവരങ്ങളും എന്‍പിആറില്‍ ശേഖരിക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗളൂരുവില്‍ നടന്ന പ്രതിഷേധം /ഫയല്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗളൂരുവില്‍ നടന്ന പ്രതിഷേധം /ഫയല്‍

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ആരായുന്നത് ഉള്‍പ്പെടെ വിവാദമായ ചോദ്യങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെയാവും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയാറാക്കുകയെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിങ് ലൈസന്‍സിലെ വിവരങ്ങള്‍, വോട്ടര്‍ ഐഡിയിലെ വിവരങ്ങള്‍, അവസാനം താമസിച്ച സ്ഥലം തുടങ്ങിയ വിവരങ്ങളും എന്‍പിആറില്‍ ശേഖരിക്കും. ഏപ്രില്‍ ഒന്നിന് സെന്‍സസിന് ഒപ്പമാണ് എന്‍പിആറിനുള്ള വിവര ശേഖരണവും നടത്തുക.

മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ഉള്‍പ്പെടയുള്ള വിവരങ്ങള്‍ ആരായുന്നത്, എന്‍പിആറിന്റെ ട്രയല്‍ ഘട്ടത്തില്‍ വിവാദമുണ്ടാക്കിയിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാവും അന്തിമ ചോദ്യാവലിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ട്രയല്‍ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പാന്‍ വിവരങ്ങള്‍ അന്തിമ ചോദ്യാവലിയില്‍ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ട്രയല്‍ ഘട്ടത്തില്‍ ഇല്ലാതിരുന്ന ചില ചോദ്യങ്ങള്‍ അന്തിമ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തും. മാതൃഭാഷ ഇതില്‍ ഒന്നായിരിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. 

2010ല്‍ തയാറാക്കിയ എന്‍പിആറില്‍ പതിനാലു വിവരങ്ങളായിരുന്നു ശേഖരിച്ചത്. ഇത്തവണ ഇത് 21 ആയി ഉയരും. ആധാര്‍ (ഓപ്ഷനല്‍), മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഇത്തവണ നല്‍കേണ്ടി വരും. 

മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍പിആറില്‍ ആരായുന്നത് ദേശീയ പൗരത്വ രജിസ്റ്ററിനുള്ള (എന്‍ആര്‍സി) വിവര ശേഖരണത്തിന് ആണെന്നായിരുന്നു മുഖ്യമായും ആക്ഷേപം ഉയര്‍ന്നത്. എന്‍പിആറിന്റെ മറവില്‍ എന്‍ആര്‍സി തയാറാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com